ദോഹ: [gcc.truevisionnews.com] ഫിഫ അറബ് കപ്പ് ആരംഭിക്കാനൊരുങ്ങുമ്പോൾ, കളിയും ആവേശവും എല്ലാവർക്കും സമാനമായി അനുഭവിക്കാനുള്ള ഖത്തറിന്റെ ഒരുക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രശംസിക്കപ്പെടുന്നു.
ഭിന്നശേഷിക്കാർക്ക് പൂർണമായും തടസ്സരഹിതമായ അനുഭവം നൽകാൻ സ്റ്റേഡിയങ്ങളിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2022ലെ ലോകകപ്പിൽ അവതരിപ്പിച്ച ഭിന്നശേഷിക്കാർക്കായുള്ള സൗകര്യങ്ങൾ അന്നേ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേ നിലവാരം അറബ് കപ്പിലും ഉറപ്പാക്കുകയാണ് ഖത്തർ.
എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന കായിക വിനോദമാണ് ഫുട്ബാൾ. ടൂർണമെന്റ് കാത്തിരിക്കുന്ന ഭിന്നശേഷിയുള്ള ആരാധകർക്കും പൂർണ അനുഭവം നൽകാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി എൽ.ഒ.സി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ റാശിദ് അൽ ഖാതിർ അറിയിച്ചു.
സ്റ്റേഡിയങ്ങളിൽ പ്രത്യേക ഇരിപ്പിടങ്ങളും വീൽചെയർ പ്രവേശന സൗകര്യങ്ങളുമാണ് പ്രധാന ആകർഷണം. ആറ് ആതിഥേയ സ്റ്റേഡിയങ്ങളിലും വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രധാന ഗാലറി മേഖലയിലേക്കുള്ള ആക്സസ് ഉറപ്പാക്കിയിട്ടുണ്ട്.
പരിമിത ചലനശേഷിയുള്ളവർക്കായി വ്യത്യസ്ത ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, പ്രത്യേക പാർക്കിംഗ് ഏരിയ, ടോയ്ലറ്റുകൾ, കൺസഷൻ സ്റ്റാൻഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമായി രൂപകല്പന ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുത്ത മത്സരങ്ങൾക്ക് ഭിന്നശേഷിയുള്ള ഫുട്ബോൾ പ്രേമികൾക്ക് സ്മാർട്ട്ഫോൺ ആപ്പിലൂടെ ഓഡിയോ ഡിസ്‌ക്രിപ്റ്റീവ് കമന്ററി ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത് കോഡ് നൽകുക മാത്രമാണ് വേണ്ടത് — ഹെഡ്ഫോണുകൾ ഉപയോഗിച്ച് മത്സരത്തിന്റെ പ്രധാന വിവരങ്ങളും ദൃശ്യവിവരണങ്ങളും ഉൾപ്പെടുന്ന കമന്ററി ആസ്വദിക്കാം.
അതിനുപുറമെ, ലുസൈൽ, എജുക്കേഷൻ സിറ്റി, അൽ ബൈത്ത് സ്റ്റേഡിയങ്ങളിൽ ന്യൂറോഡൈവേർജന്റ് ആവശ്യങ്ങൾക്കായി പ്രത്യേക സെൻസറി റൂമുകളും ഒരുക്കിയിട്ടുണ്ട്.
FIFA Arab Cup, disability friendly


































