അബൂദബി: (gcc.truevisionnews.com) നിരവധി ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ അഞ്ച് ഡ്രൈവര്‍മാരെ പിടികൂടി അബൂദബി പൊലീസ്. എമര്‍ജന്‍സി ഷോള്‍ഡറിലൂടെ ഓവര്‍ടേക്കിങ്, മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതിരിക്കുക, ലൈൻ തെറ്റിക്കുക, വലതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മുന്നറിയിപ്പു നല്‍കാതെ വാഹനങ്ങള്‍ സഡന്ബ്രേക്കിടരുതെന്നും ഇടതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്കിങ് നടത്താവൂ എന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്‍ഡിക്കേറ്റര്‍ ഇടാതെയും റോഡിലെ സാഹചര്യം നോക്കാതെയും ഡ്രൈവര്‍മാര്‍ അലക്ഷ്യമായും ധ്രുതഗതിയിലും വാഹനങ്ങള്‍ ലൈനുകള്‍ മാറ്റി ഓടിക്കുന്ന രീതിക്കെതിരേയും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
അപകടസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് ഉടനടി മാറ്റുന്നതിനും എമര്‍ജന്‍സി വാഹനങ്ങള്‍ വഴിയൊരുക്കുന്നതിനാണ് റോഡ് ഷോള്‍ഡറുകള്‍ ഉപയോഗിക്കുന്നതെന്നും അല്ലാത്ത സാഹചര്യങ്ങളില്‍ റോഡ് ഷോള്‍ഡറുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുള്ളതാണ്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കിവരുന്നുണ്ട്.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്യുകയോ സെല്‍ഫി എടുക്കുകയോ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കുറ്റക്കാർക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും. രാജ്യത്തു നടക്കുന്ന വാഹനാപകടങ്ങളില്‍ 95 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലമാണെന്ന് ആഭ്യന്തര മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 800 ദിര്‍ഹമും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അബൂദബിയിലെ റോഡുകളില്‍ സ്മാര്‍ട്ട് പട്രോള്സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Five drivers arrested in Abu Dhabi for violating traffic rules




























