അബുദാബി: (gcc.truevisionnews.com) ലോകത്തിലെ മികച്ച 10 ഡിജിറ്റൽ രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചു. ഐഎംഡി വേൾഡ് ഡിജിറ്റൽ കോംപറ്റിറ്റീവ്നെസ് സൂചികയിലാണ് യുഎഇ ഒൻപതാം സ്ഥാനത്തെത്തിയത്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സ്വീകരിച്ച് സർക്കാരിനെയും ബിസിനസിനെയും സമൂഹത്തെയും പരിവർത്തനം ചെയ്യുന്നത് വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്.
മുൻ വർഷത്തെക്കാൾ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ടോപ് 10ൽ ഇടംപിടിച്ചത്. വിജ്ഞാനം, സാങ്കേതികവിദ്യ, ഭാവി സന്നദ്ധത എന്നീ മൂന്ന് പ്രധാന ഘടകങ്ങളായി തരംതിരിച്ചായിരുന്നു സർവേ. സാങ്കേതികവിദ്യയിലും നൂതന ആശയങ്ങളിലും വൻ നിക്ഷേപമുള്ള സ്വിറ്റ്സർലൻഡ് ആണ് നൂറിൽ 100 പോയിന്റു നേടി ഒന്നാം സ്ഥാനത്ത് എത്തിയത്.
അമേരിക്ക (99.29) രണ്ടാം സ്ഥാനവും സിംഗപ്പൂർ (99.18) മൂന്നാം സ്ഥാനവും നിലനിർത്തി. ഹോങ്കോങ് ഡെൻമാർക്ക്, നെതർലൻഡ്സ്, കാനഡ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം 4 മുതൽ 8 സ്ഥാനങ്ങളിൽ എത്തിയ രാജ്യങ്ങൾ. 93.38 പോയിന്റുമായാണ് യുഎഇ ഒൻപതാം സ്ഥാനത്തെത്തിയത്.
ഡിജിറ്റൽ സാങ്കേതിക വൈദഗ്ധ്യം, ഭാവി വികസനം, സാങ്കേതികവിദ്യ, രാജ്യാന്തര നിലവാരമുള്ള വിദഗ്ധരെ ആകർഷിക്കാനും നിലനിർത്താനുമുള്ള കഴിവ് തുടങ്ങിയവയാണ് യുഎഇയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ അടിത്തറയെന്ന് ഐഎംഡി ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റ നിയമങ്ങൾ ഉൾപ്പെടെ ബിസിനസ് സൗഹൃദ നയങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തവും ആഗോളവൽക്കരണ അനുകൂല സമീപനവും യുഎഇയെ മികവിന്റെ ഉയരങ്ങളിൽ എത്തിച്ചു.
UAE tops the list ranked as the ninth best digital country in the world





























