അബുദാബി: (gcc.truevisionnews.com) റോഡ് സുരക്ഷ വർധിപ്പിക്കാനും യന്ത്രത്തകരാറുകൾ തടയാനും ലക്ഷ്യമിട്ട് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി പ്രത്യേക ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ‘നിങ്ങളുടെ വാഹനം, നിങ്ങളുടെ ഉത്തരവാദിത്തം, നമുക്ക് ഒരുമിച്ച് പരിശോധിക്കാം’ എന്ന പ്രമേയത്തിലുള്ള ക്യാംപെയ്നിൽ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് അഗ്നിരക്ഷാസേന. സമൂഹ വർഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി.
എൻജിന്റെ പ്രവർത്തന ക്ഷമത, ഇന്ധന ചോർച്ച, കൂളിങ് സിസ്റ്റം, എൻജിൻ ഓയിലിന്റെ നിറവ്യത്യാസം, വെള്ളത്തിന്റെ അളവ്, ബാറ്ററി ശേഷി, ടയറിന്റെ അവസ്ഥ, വായുനില തുടങ്ങി പതിവു സാങ്കേതിക പരിശോധന നടത്തുന്നത് സംബന്ധിച്ച് പരിശീലനവും നൽകുന്നു.സ്വന്തം സുരക്ഷയ്ക്കൊപ്പം മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഇത് അനിവാര്യമാണെന്ന് വിശദീകരിച്ചു.
തീപിടിത്തമുണ്ടായാൽ വാഹനത്തിലുള്ള അഗ്നിശമന ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും അഗ്നിരക്ഷാസേന വിശദീകരിച്ചു. ക്യാംപെയ്നിൽ ഭാഗമാകുന്ന ഡ്രൈവർമാർക്ക് സൗജന്യ വാഹന പരിശോധനാ കൂപ്പണുകളും സ്പെയർ പാർട്സ് വാങ്ങുന്നതിന് 30% വരെ ഇളവും നൽകുന്നുണ്ട്. അംഗീകൃത ഓട്ടമൊബീൽ ഏജൻസികളുമായി സഹകരിച്ചു നടത്തിവരുന്ന ക്യാംപെയ്ൻ ഡിസംബർ അവസാനം വരെ തുടരും.
Abu Dhabi Civil Defense Authority launches campaign to inspect vehicles before they leave