അബുദാബി: യുഎഇയില്‍ പല ഭാഗങ്ങളിലും ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. ദുബൈ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ ഞായറാഴ്ച മഴ ലഭിച്ചു. റാസൽഖൈമയിൽ അല്‍ഗൈല്‍, അദന്‍, ഹംറാനിയ, വിമാനത്താവള പരിസരം തുടങ്ങി സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണിയോടെ മഴ പെയ്തു. ശക്തമായ മഴ പെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥ കേന്ദ്രം സാമൂഹിക മാധ്യമ പ്ലാറ്റ്‍ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.
ശനിയാഴ്ച ഫുജൈറയില്‍ പെയ്ത കനത്ത മഴയില്‍ എമിറേറ്റിലെ മലയോര മേഖലകളില്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. അല്‍ ഐനില്‍ റോഡില്‍ വെള്ളം കയറി. അസ്ഥിര കാലാവസ്ഥ തുടരുമെന്നും ഒക്ടോബര്‍ 14 വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുതിയതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണം. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത പ്രവചിക്കുന്നുണ്ട്.
പൊതുവെ നേരിയതോ മിതമായതോ ആയ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില നേരങ്ങളിൽ കാറ്റ് ശക്തമാകാം. ഇത് റോഡിലെ ദൃശ്യപരത കുറക്കാൻ ഇടയാക്കുമെന്നതിനാൽ യാത്രക്കാർ സൂക്ഷിക്കണം. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ എൻ.സി.എം സുരക്ഷ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ശക്തമായ മഴയോ ഇടിമിന്നലോ ഉള്ള സാഹചര്യങ്ങളില്‍ താഴ്വാരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Heavy rain, unstable weather forecast for many parts of UAE