ദുബൈ: (gcc.truevisionnews.com) നഗരത്തിലെ അടിസ്ഥാനസൗകര്യങ്ങളിലെയും ഗതാഗത സംവിധാനങ്ങളിലെയും കേടുപാടുകൾ വാട്സ്ആപ് വഴി അറിയിക്കാൻ സൗകര്യമൊരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). മഹ്ബൂബ് ചാറ്റ്ബോട്ട് വഴിയാണ് ‘മദീനതീ’ എന്ന സേവനം ലഭ്യമാക്കുന്നത്.
ഇതുവഴി താമസക്കാർക്കും സന്ദർശകർക്കും എമിറേറ്റിലെ റോഡുകൾ, നടപ്പാതകൾ, ബസ് ഷെൽട്ടറുകൾ, ട്രാഫിക് സിഗ്നലുകൾ, സൂചന ബോർഡുകൾ, മറ്റ് അടിസ്ഥാനസൗകര്യ ആസ്തികൾ എന്നിവയിലെ കേടുപാടുകൾ അറിയിക്കാം. ദുബൈയെ സുസ്ഥിരവും സ്മാർട്ടുമായ നഗരമായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കേടുപാടുകളുടെ ഫോട്ടോയെടുത്ത് വാട്സ്ആപ്പിലെ മഹ്ബൂബ് ചാറ്റ്ബോട്ട് വഴി അയക്കുകയാണ് വേണ്ടത്. ഇതുവഴി റിപ്പോട്ടിങ് വളരെ എളുപ്പത്തിലാകും. അതോടൊപ്പം അധികൃതരുടെ നടപടികൾക്കും വേഗം വർധിക്കും. വാട്സ്ആപ്പിൽ ലഭിക്കുന്ന സന്ദേശങ്ങൾ അതിവേഗത്തിൽ ആർ.ടി.എയുടെ ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി അയച്ചുനൽകും.
കേടുപാടുകൾ കണ്ടെത്തുന്നതിൽ താമസക്കാരുടെയും സന്ദർശകരുടെയും വളരെ സജീവമായ ഇടപെടൽ ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരത്തിന്‍റെ ഭംഗിയും വൃത്തിയും സംരക്ഷിക്കാനും പദ്ധതി ഉപകാരപ്പെടും.
സ്മാർട് റിപ്പോർട്ടിങ് സേവനമായ ‘മദീനതീ’ മഹ്ബൂബ് ചാറ്റ്ബോട്ട് വഴി ലഭ്യമാക്കുന്നത് കേടുപാടുകൾ അറിയിക്കുന്നതിതും ജീവത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക ഇടപെടൽ ശക്തിപ്പെപടുത്താനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതതയെ അടയാളപ്പെടുത്തുന്നതാണെന്ന് കസ്റ്റമർ ഹാപ്പിനസ് വിഭാഗം ഡയറക്ടർ മീറ അൽ ശൈഖ് പറഞ്ഞു.
ഈ വർഷം ആദ്യ പാതിയിൽ ആർ.ടി.എയുടെ കാൾ സെന്‍ററിന് ‘മദീനതീ’ സേവനം വഴി 6525 ഫോൺ വിളികൾ ലഭിച്ചതായും, പ്ലാറ്റ്ഫോം വഴി അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ചും റോഡുകളെ കുറിച്ചും നിർദേശങ്ങൾ സമർപ്പിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
Dubai RTA launches new service to report road problems via WhatsApp