അബുദാബി: (gcc.truevisionnews.com) ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബിയിലെ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി. പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റാണ് അടച്ചുപൂട്ടാൻ അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ഉത്തരവിട്ടത്.
അബുദാബിയിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട 2008-ലെ രണ്ടാം നമ്പർ നിയമവും മറ്റ് നിയമങ്ങളും ലംഘിച്ചതിനാണ് ഡേ മാർട്ട് ഹൈപ്പർമാർക്കറ്റ് എൽഎൽസി അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. സ്ഥാപനം തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടത് ഉപഭോക്താക്കൾക്ക് അപകടമുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഫുഡ് കൺട്രോൾ റിപ്പോർട്ട് അനുസരിച്ച്, നിരവധി തവണ നടത്തിയ പരിശോധനകളിൽ ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതും സൂക്ഷിക്കാത്തതും ഉൾപ്പെടെയുള്ള സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചത്.
ഭക്ഷ്യോൽപന്നങ്ങൾ സംഭരിക്കുന്നതിലും സൂക്ഷിക്കുന്നതിലും അതോറിറ്റി നൽകിയ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നില്ല. അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയാൽ പിന്നീട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഭക്ഷ്യസുരക്ഷാ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 നമ്പറിൽ അറിയിക്കണം.
A hypermarket in Abu Dhabi has been closed after repeatedly violating food safety laws.