യാംബു: (gcc.truevisionnews.com) സൗദിയിൽ പെർമിറ്റില്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്ക് ഇനിമുതൽ 20,000 റിയാൽ വരെ പിഴ ചുമത്തും. സാധുവായ ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. അനധികൃത ടാക്സി സർവീസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, യാത്രക്കാരെ വിളിച്ചുകയറ്റുന്ന 'ഹെയ്ലിങ്' രീതിയും പുതിയ നിയമപ്രകാരം കുറ്റകരമാണ്.
യാത്രക്കാരെ വിളിക്കുക, അവരെ വാഹനത്തിൽ കയറാൻ പ്രേരിപ്പിക്കുക, അവരെ പിന്തുടരുകയോ തടയുകയോ ചെയ്യുക, യാത്രക്കാരുള്ള പ്രദേശങ്ങളിൽ ഒത്തുകൂടുക, അല്ലെങ്കിൽ യാത്രക്കാരെ ലഭിക്കുന്നതിനായി കറങ്ങിനടക്കുക തുടങ്ങിയ അനധികൃത റോഡ് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നിയമം വ്യവസ്ഥചെയ്യുന്നു.
ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ലഭിക്കാം. കൂടാതെ വാഹനം പൊതുലേലത്തിൽ വിൽക്കാനും, സൗദി പൗരനല്ലാത്ത നിയമലംഘകരെ നാടുകടത്താനും സാധ്യതയുണ്ടെന്നും ടി.ജി.എ വ്യക്തമാക്കി.
ഏതെങ്കിലും വിധത്തിലുള്ള അനധികൃത റോഡ് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെ നിരീക്ഷിക്കാനുള്ള സംവിധാനവും അതോറിറ്റി ഒരുക്കിയിട്ടുണ്ടെന്നും ഗതാഗത നിയമലംഘനങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ നൽകുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ നടപടികൾ നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവന നിലവാരം ഉറപ്പാക്കുന്നതിനും ലൈസൻസുള്ള ടാക്സി ഡ്രൈവർമാരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിയമത്തിലെ പുതിയ പരിഷ്കാരമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം നൽകാൻ പ്രത്യേക വർക് ഷോപ്പുകൾ, ബോധവത്കരണ പരിപാടികൾ, പുതിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനുള്ള നിലവാരം ഉയർത്തുന്നതിനുമുള്ള മാർഗനിർദേശ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവ കൂടുതൽ വ്യാപകമാക്കാനും ഗതാഗത ജനറൽ അതോറിറ്റി നടപടികൾ തുടങ്ങിയിട്ടുണ്ട്.
Running without a license will empty your pocket; Fines of up to 20,000 riyals for illegal taxi service, strict action in Saudi Arabia