ദുബായ് : (gcc.truevisionnews.com) നബിദിനത്തോടനുബന്ധിച്ച് ദുബായിൽ നാളെ (അഞ്ചിന്) പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മൾട്ടി-ലെവൽ പാർക്കിങ് കേന്ദ്രങ്ങൾക്കും അൽ ഖൈൽ ഗേറ്റ് പാർക്കിങ് (എൻ 365) ഏരിയയിലും ഈ സൗജന്യം ബാധകമല്ല. ആറിന് (ശനിയാഴ്ച) മുതൽ സാധാരണ നിലയിലുള്ള പണം ഈടാക്കൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി.
പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ ആർടിഎയുടെ വിവിധ സേവനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പൊതുഗതാഗത ബസുകൾ, ദുബായ് മെട്രോ, ദുബായ് ട്രാം, മറൈൻ ട്രാൻസ്‌പോർട്ട്, സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തന സമയങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
അഞ്ചിന് എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അടഞ്ഞുകിടക്കും. അതേസമയം, ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ, അൽ തവാർ, ആർടിഎ. ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ വെള്ളിയാഴ്ച കൂടുതൽ സമയം സർവീസ് നടത്തും. രാവിലെ അഞ്ചു മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നു വരെയായിരിക്കും മെട്രോ സർവീസ്.
Relief on Eid free parking in Dubai tomorrow RTA