ദുബായ്: ( gcc.truevisionnews.com ) കുട്ടികൾക്ക് കളിക്കാനായി ബൈക്ക് വാങ്ങി നൽകുന്ന രക്ഷിതാക്കൾ ഇതൊന്ന് ശ്രദ്ധിക്കുക. മക്കളുടെ സുരക്ഷയിൽ അൽപം അശ്രദ്ധ കാണിച്ചാൽ കയ്യിലൊതുങ്ങാത്ത പിഴയും ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന നിയമനടപടികളുമാണ് കാത്തിരിക്കുന്നത്.
ദുബായിൽ പൊതുനിരത്തിൽ ബൈക്ക് ഓടിക്കാൻ കുട്ടികളെ അനുവദിച്ച രക്ഷിതാവിന് ഇത്തരത്തിൽ എട്ടിന്റെ പണിയാണ് ദുബായ് പൊലീസ് നൽകിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനത്തിന് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) പിഴയായി അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
മറ്റൊരു കുട്ടിയെയും പിന്നിലിരുത്തി പൊതുനിരത്തിലൂടെ കുട്ടി സാഹസികമായി ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദുബായ് ട്രാഫിക് പട്രോളിങ് സംഘം ഉടൻ തന്നെ ഇടപെടുകയായിരുന്നു. കുട്ടികളുടെയും മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയായതോടെ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുട്ടികൾക്ക് ബൈക്ക് നൽകുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന വിചിത്രമായ വാദമാണ് രക്ഷിതാവ് ഉന്നയിച്ചത്. എന്നാൽ, നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ ശിക്ഷയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കാരണമേയല്ലെന്ന് പൊലീസ് കർശനമായി മറുപടി നൽകി.
ട്രാഫിക് നിയമലംഘനത്തിന് പുറമെ യുഎഇയിലെ പ്രശസ്തമായ 'വദീമ' നിയമപ്രകാരമുള്ള ക്രിമിനൽ നടപടികളും ഈ രക്ഷിതാവിനെതിരെ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള നിയമമാണിത്. കുട്ടികളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നതും അവരുടെ ശാരീരികവും മാനസികവുമായ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ അനുവദിക്കുന്നതും ഈ നിയമപ്രകാരം കടുത്ത കുറ്റമാണ്.
തിരക്കേറിയ റോഡുകളിലെ ട്രാഫിക് സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനോ അപകടസാധ്യതകൾ തിരിച്ചറിയാനോ ഉള്ള ശാരീരികമോ മാനസികമോ ആയ പക്വത കുട്ടികൾക്കില്ലെന്ന് ദുബായ് പൊലീസ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി. വെറും വിനോദത്തിനോ പരീക്ഷണത്തിനോ ഉള്ള വേദിയല്ല പൊതുനിരത്തുകൾ. കുട്ടികൾക്കായി വാങ്ങുന്ന വിനോദ വാഹനങ്ങൾ (റിക്രിയേഷൻൽ ബൈക്കുകൾ) അവർക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ഇടങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മക്കൾക്ക് വാഹനങ്ങൾ നൽകുന്നതിന് മുൻപ് അവർക്ക് നിയമപരമായ പ്രായമുണ്ടെന്നും ലൈസൻസ് ഉണ്ടെന്നും ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും നിയമപരവും ധാർമ്മികവുമായ ബാധ്യതയാണ്. വീടുകളിൽ നിന്നാണ് കുട്ടികളുടെ സുരക്ഷ ആരംഭിക്കേണ്ടതെന്ന് പൊലീസ് ഓർമിപ്പിച്ചു. ഇത്തരം അപകടകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ 901 എന്ന നമ്പറിലോ ആപ്പിലെ 'പൊലീസ് ഐ' (Police Eye) സംവിധാനം വഴിയോ വിവരം കൈമാറാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
dubai police have warned parents against allowing minors to operate vehicles on public roads






























