അബുദാബി: (gcc.truevisionnews.com) റോഡിലെ വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ക്രമീകരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം അബുദാബിയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അബുദാബി ഷെയ്ഖ്സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള 7 പ്രവേശന പോയിന്റുകളിലാണു നിർമിത ബുദ്ധി സംവിധാനം സജ്ജമാക്കിയത്.
വാഹന ഒഴുക്ക് നിയന്ത്രിക്കുന്നതിനു സ്മാർട്ട് ട്രാഫിക് ലൈറ്റ് സംവിധാനം സഹായകമാണെന്നു സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. അത്യാധുനിക സെൻസറുകളും എഐ പവർ ക്യാമറകളും ഉപയോഗിച്ചാണു തത്സമയം ഗതാഗതം നിരീക്ഷിക്കുകയും ട്രാഫിക് സിഗ്നൽ നിയന്ത്രിക്കുകയും ചെയ്യുന്നതെന്ന് ഐടിസി ആക്ടിങ് ഡയറക്ടർ ജനറൽ അബ്ദുല്ല ഹമദ് അൽ ഗഫ‌്‌ലി പറഞ്ഞു. തിരക്കേറിയ സമയങ്ങളിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചു ഗതാഗതം സുഗമമാക്കും.
ഷഖ്ബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ്, ദഫീർ സ്ട്രീറ്റ്, ഹദ്ബത്ത് അൽ ഗുബൈന സ്ട്രീറ്റ്, സലാമ ബിൻത് ബുത്തി സ്ട്രീറ്റ്, അൽ ദഫ്ര സ്ട്രീറ്റ്, റബ്ദാൻ സ്ട്രീറ്റ്, ഉം യിഫ്ന സ്ട്രീറ്റ് എന്നീ 7 പോയിന്റുകളിലാണ് എഐ സംവിധാനം സ്ഥാപിച്ചത്. നവീന സാങ്കേതിക വിദ്യ സ്ഥാപിച്ചതോടെ ഗതാഗതം സുഗമമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ മേഖലകളിൽ പട്രോളിങ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും സാധിച്ചതായും വ്യക്തമാക്കി.
ഐടിസി ഉദ്യോഗസ്ഥർക്ക് ഓഫിസിലിരുന്നു തന്നെ ഗതാഗതത്തിന്റെ ഒഴുക്കും പുതിയ സംവിധാനവുമായി ജനങ്ങങ്ങൾ പൊരുത്തപ്പെട്ടുവെന്നു മനസ്സിലാക്കാൻ സാധിക്കുന്നുവെന്നും സൂചിപ്പിച്ചു. ജനസംഖ്യാ വർധനയ്ക്ക് ആനുപാതികമായി അബുദാബി എമിറേറ്റിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തി വരികയാണെന്നും പദ്ധതിയുടെ വിജയത്തെ തുടർന്നു മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഐടിസി അധികൃതർ പറഞ്ഞു.
Traffic will now be controlled by AI Smart traffic light system in Abu Dhabi