ദുബായ്: (gcc.truevisionnews.com) ഇൻ്റർപോൾ അന്വേഷിക്കുന്ന കുപ്രസിദ്ധ ലഹരിമരുന്ന് കടത്ത് കുറ്റവാളിയെ യുഎഇയിൽ പിടികൂടി, തുടർന്ന് നെതർലാൻഡ്‌സിന് കൈമാറി. ഇന്റർപോളിന്റെ റെഡ് നോട്ടീസ് പ്രകാരം ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ലഹരിക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു.
കോടതിയുടെ ഉത്തരവിനും നീതിന്യായ മന്ത്രാലയത്തിന്റെ അനുമതിക്കും ശേഷമാണ് പ്രതിയെ നെതർലൻറ്സിന് കൈമാറിയത്. ആഗോളതലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എത്രത്തോളം പ്രധാനമാണെന്ന് ഈ നടപടിയിലൂടെ യുഎഇ ഓർമിപ്പിച്ചു. നീതിനിർവഹണ സംവിധാനങ്ങളോടുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച, ഫ്രാൻസിലേയ്ക്കും ബെൽജിയത്തിലേക്കും രണ്ട് രാജ്യാന്തര കുറ്റവാളികളെ കൈമാറിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനുള്ള യുഎഇയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൈമാറ്റങ്ങളും നടന്നത്. ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം ദുബായ് പൊലീസ് പിടികൂടിയ രണ്ട് പേരെയാണ് നേരത്തെ കൈമാറിയത്.
ഇവരിൽ ഒരാൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ലഹരിമരുന്ന് കടത്ത് ശൃംഖല നടത്തുന്ന ഫ്രാൻസ് അധികൃതർ തിരയുന്ന പ്രധാന കുറ്റവാളിയാണ്. രണ്ടാമത്തെയാൾ ബെൽജിയം അധികൃതർ തിരയുന്ന, ലഹരിമരുന്ന് കടത്തിലും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുള്ളയാളും. യുഎഇയുടെ ആഭ്യന്തര മന്ത്രാലയം ഇത്തരം രാജ്യാന്തര സഹകരണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
Finally caught! UAE arrests notorious drug trafficker wanted by Interpol