ദുബായ് : (gcc.truevisionnews.com) ദുബായിൽ ട്രാഫിക് പിഴകൾക്ക് 50 മുതൽ 70 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് പോലീസിന്റെ പേരും ചിഹ്നങ്ങളും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. അനൗദ്യോഗിക വഴികളിലൂടെ പിഴ കുറച്ചു തരാമെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. മോഷ്ടിച്ച ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ പിഴ ഇളവ് നൽകുന്നത്. ട്രാഫിക് പിഴയുള്ളവർ ബന്ധപ്പെടുമ്പോൾ മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മുഴുവൻ പിഴയും പ്രതികൾ അടയ്ക്കും. ശേഷം ട്രാഫിക് ഫൈൻ ഉള്ളവരിൽ നിന്നു പകുതി പണം ഈടാക്കും. മുഴുവൻ പണവും അടച്ചതിനാൽ ട്രാഫിക് ഫയലിൽ നിന്ന് ഫൈൻ അപ്രത്യക്ഷമാകുന്നതോടെ പ്രതികളുടെ വിശ്വാസ്യത വർധിക്കും.
തെറ്റായ പ്രചാരണം മാത്രമല്ല, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പുമാണ് ഇവർ നടത്തുന്നത്. ഇവരുമായി ചേർന്ന് ഇടപാടു നടത്തുന്നവരെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കൂട്ടുപ്രതികളാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇവരുടെ സഹായത്തോടെ ട്രാഫിക് ഫൈൻ അടയ്ക്കുന്നവർ അതേ കുറ്റത്തിന്റെ പങ്കാളികളാകുമെന്നും പൊലീസ് ഓർമിപ്പിച്ചു.
സർക്കാരിന്റെ ഔദ്യോഗിക മാധ്യമത്തിലൂടെ അല്ലാതെയുള്ള ഇത്തരം ഇളവുകൾ സ്വീകരിക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ആപ്ലിക്കേഷനായ പൊലീസ് ഐ വഴിയോ 901 എന്ന നമ്പരിലൂടെയോ വിവരം അറിയിക്കാം
Arrested! Gang of fraudsters arrested in Dubai after promising discounts on traffic fines