കുവൈത്ത് സിറ്റി: (gcc.truevisionnews.com) മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട കേസിൽ കുവൈത്ത് പോലീസ് യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. ജഹ്‌റയിലെ ബ്ലോക്ക് 2-ലെ ഒരു താമസസ്ഥലത്ത് നിന്നാണ് ഇവർ പിടിയിലായത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിലായിരുന്നു ഈ നടപടികൾ.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വീട്ടിലേക്ക് എത്തുകയായിരുന്നു. വാതിൽ തുറന്നത് ഒരു പുരുഷനായിരുന്നു, അകത്ത് ഒരു സ്ത്രീയും ഉണ്ടായിരുന്നു. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ, യുവതി രേഖകളില്ലെന്നും സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതാണെന്നും വ്യക്തമാക്കി.
യുവാവ് തന്‍റെ കാമുകനാണെന്നും അദ്ദേഹം മയക്കുമരുന്ന് വിൽപന നടത്തുന്നവരിൽ ഒരാളാണെന്നും അവരാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് അവർ പൊലീസിന് ഹെറോയിൻ അടങ്ങിയ ഒരു വലിയ ബാഗ് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിനിന് പുറമെ രണ്ട് സ്വർണ നെക്ലേസുകൾ, ഒരു ബ്രേസ്ലെറ്റ്, രണ്ട് മോതിരങ്ങൾ, കൂടാതെ മയക്കുമരുന്ന് വിൽപന വഴി സമ്പാദിച്ചതായി പറഞ്ഞ 500 കുവൈത്തി ദിനാറും പൊലീസ് കണ്ടെത്തി.
ഇരുവരും ഒരേ രാജ്യക്കാരായായിരുന്നുവെന്നും വിവാഹിതരല്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
'My boyfriend is a drug dealer,' woman reveals to police; Expatriate couple arrested in Kuwait