ദുബായ് : (gcc.truevisionnews.com)കഴിഞ്ഞ ആറു മാസത്തിനിടെ, ദുബായ് മുനിസിപ്പാലിറ്റി 30,000 ബിൽഡിങ് പെർമിറ്റുകൾ അനുവദിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മേഖലയിൽ 20 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കെട്ടിട നിർമ്മാണത്തിന് ലൈസൻസ് ലഭിച്ച സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 55 ലക്ഷം ചതുരശ്ര മീറ്ററിലധികം വരും.
ഇവിടെ ഉടൻ നിർമാണം ആരംഭിക്കും. ഈ വർഷം ജൂലൈയിൽ മാത്രം 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് നിർമാണത്തിന് ലൈസൻസ് അനുവദിച്ചത്. ദുബൈയിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് നൽകിയ ആകെ സ്ഥലത്തിന്റെ 45 ശതമാനത്തിൽ ബഹുനില വാണിജ്യ കെട്ടിടങ്ങളും നിക്ഷേപ സ്ഥാപനങ്ങളുമാണ്.
റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ നിർമാണം 20 ലക്ഷം ചതുരശ്ര മീറ്റർ കവിഞ്ഞു. ആകെ ലൈസൻസ് ലഭിച്ച സ്ഥലത്തിന്റെ 40 ശതമാനമാണിത്. 15 ശതമാനം വാണിജ്യ, പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കാണ്. ലോകത്തിലെ മുൻനിര നിർമാണ കേന്ദ്രങ്ങളിലൊന്നായ ദുബൈയുടെ പദവി ശക്തിപ്പെടുത്തുന്നതാണീ കണക്കുകളെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് റെഗുലേഷൻ ആൻഡ് പെർമിറ്റ്സ് ഏജൻസിയുടെ സി.ഇ.ഒ എൻജിനീയർ മറിയം അൽ മുഹൈരി പറഞ്ഞു.
New changes in the construction sector in Dubai; 30,000 building permits issued in six months