മസ്‌കത്ത്: (gcc.truevisionnews.com) സലാലയിൽ നിന്നും മടങ്ങും വഴി ഒമാനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ബാലികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നിസ്‌വയിൽ താമസിക്കുന്ന കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയ മകൾ ജസാ ഹൈറിൻ (4) ആണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ ആദമിന് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ ശക്തമായ പൊടിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ജസാ ഹൈറിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. നവാസും ഭാര്യ റസിയയും മൂത്ത മകൾ സിയാ ഫാത്തിമയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആദം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
റസിയയും കുട്ടികളും അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. സലാലയിൽ ഖരീഫ് കാലം ആരംഭിച്ചതിനാൽ നാട്ടിലേക്ക് പോകും മുൻപ് അവിടം സന്ദർശിച്ച് വരാമെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഈ കുടുംബം സലാലയിലേക്ക് പോയത്. സലാലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. നിസ്‌വയിലെ സാമൂഹിക മേഖലയിൽ സജീവമായിരുന്ന നവാസിന്റെ മകളുടെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തി.
തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ജസാ ഹൈറിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുവന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
oman accident malayali girl death