റിയാദ്: (gcc.truevisionnews.com) സൗദി തലസ്ഥാനനഗരത്തിലെ റിയാദ് ബസ് സർവിസ് ശൃംഖലക്കുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു. മെട്രോയും ബസും പ്രവർത്തിപ്പിക്കുന്ന റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിനുള്ളിൽ പൊതുയാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും റിയാദ് മെട്രോ സ്റ്റേഷനുകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള കണക്ഷനുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണിത്.
ഓറഞ്ച് മെട്രോ ലൈനിലെ സുൽത്താന സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 973ാം നമ്പർ ബസ് റൂട്ടും റെഡ് മെട്രോ ലൈനിലെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 990ാം നമ്പർ റൂട്ടുമാണ് റിയാദ് ബസ് ശൃംഖലയിൽ പുതുതായി കൂട്ടിച്ചേർത്തത്. ഈ വർഷം മാർച്ചിൽ വിവിധ രാജ്യങ്ങളുടെ എംബസികൾ സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ക്വാർട്ടറിനെ പൊതുഗതാഗത ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ബസ് റൂട്ടുകൾ ആരംഭിച്ചിരുന്നു.
സമഗ്ര വികസന ലക്ഷ്യങ്ങളും കൂടുതൽ സമ്പന്നമായ നഗരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ‘വിഷൻ 2030’ൻ്റെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനും നഗരത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അതോറിറ്റി വ്യക്തമാക്കി.
Public transportation becomes more convenient Two new bus routes launched within Riyadh city