ഹഫർ അൽ ബാത്തിൻ: (gcc.truevisionnews.com) സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിൽ ടാങ്കർ ലോറിയുടെ ടയർ നന്നാക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് പതിച്ച് തമിഴ്നാട് നാമക്കൽ സ്വദേശിയായ പ്രവാസി തൊഴിലാളി സുന്ദരം രാമസ്വാമി (59) മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൽ ആണ് അപകടം നടന്നത്.
ടാങ്കർ ലോറിയുടെ പഞ്ചറായ ടയർ പരിശോധിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം സുന്ദരം രാമസ്വാമിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹഫർ അൽ ബത്തീൻ സനയ്യയിൽ 30 വർഷത്തോളമായി പഞ്ചർ വർക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു സുന്ദരം രാമസ്വാമി.
അപകടത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തിനും ഫൊറൻസിക് പരിശോധനയ്ക്കും ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കി. സുഹൃത്തുക്കളായ ഗോപാൽ, ചെല്ലപ്പൻ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വിമാനത്താവളം വഴി നാട്ടിലെത്തിച്ച് സംസ്കാരം നടത്തി.
ഭാര്യ: ഗോമതി സുന്ദരം, മക്കൾ: മാലതി, അരുൺകുമാർ.
Expatriate dies after tanker lorry falls on him in Saudi Arabia