അബുദാബി: (gcc.truevisionnews.com) മൂന്ന് പതിറ്റാണ്ടായി അബുദാബിയിലെ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന് ഒടുവിൽ സമ്മാനം. പുത്തൻ നിസാൻ പട്രോൾ കാറിന്റെ രൂപത്തിലാണ് ഗീതമ്മാൾ ശിവകുമാറിനെ ഭാഗ്യം കടാക്ഷിച്ചത്. 54 ലക്ഷം മുതൽ ഒരു കോടി രൂപവരെയാണ് യുഎഇയിൽ 2025 മോഡൽ നിസാൻ പട്രോൾ കാറിന്റെ വില. സമ്മാനമായി ലഭിച്ച കാർ വിൽക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
മൂന്ന് വർഷം മുൻപാണ് ഗീതമ്മാലും മകനും ദുബായിലെത്തിയത്. എന്നാൽ, ഭർത്താവ് കഴിഞ്ഞ 30 വർഷമായി യുഎഇയിൽ താമസിക്കുന്നയാളാണ്. ബിഗ് ടിക്കറ്റ് ആദ്യമായി ആരംഭിച്ചപ്പോൾത്തന്നെ അത് അറിഞ്ഞതും തുടർന്ന് ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങിയതും അദ്ദേഹമായിരുന്നു. പിന്നീട് കുടുംബത്തിലെ മറ്റുള്ളവരെയും അദ്ദേഹം ബിഗ് ടിക്കറ്റിലേക്ക് പരിചയപ്പെടുത്തി. അതിനുശേഷം ഓരോ പ്രാവശ്യവും വിവിധ കുടുംബാംഗങ്ങളുടെ പേരുകളിൽ ടിക്കറ്റുകൾ എടുക്കുന്നത് പതിവാക്കി.
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമിട്ട് ഭാര്യ ഗീതമ്മാളിന്റെ പേരിലെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചു. ജൂൺ 26-ന് ഓൺലൈനിൽ വാങ്ങിയ 034308 എന്ന നമ്പർ ടിക്കറ്റിനാണ് ഡ്രീം കാർ സീരീസ് നറുക്കെടുപ്പിൽ പുതിയ നിസാൻ പട്രോൾ സമ്മാനമായി ലഭിച്ചത്.
മാറിമാറി പേരുകളിൽ ടിക്കറ്റെടുക്കുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരു ആചാരം പോലെയായി മാറിയെന്ന് ഗീതമ്മാളിന്റെ മകൻ പറഞ്ഞു. ആരെങ്കിലും ഒരാൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ നിരന്തരം പരസ്പരം പേരുകളിൽ ടിക്കറ്റുകൾ വാങ്ങാറുണ്ട്. ഇത്രയും വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ സമ്മാനം ലഭിച്ചുവെന്നറിയുന്നത് അവിശ്വസനീയമായ ഒരനുഭവമാണ്. ഈ വലിയ വിജയത്തിന്റെ സന്തോഷത്തിൽ കുടുംബം ആഘോഷത്തിലാണ്.
the long-awaited fortune arrives a luxury car awaits a Malayali woman the entire family is big ticket fans