ദുബായ് : (gcc.truevisionnews.com) സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ ഒറ്റ വീസയിൽ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വീസ ഉടൻ യാഥാർഥ്യമാകും. 3 മാസം വരെയായിരിക്കും വീസയുടെ കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദയ്‌വി അറിയിച്ചു.
ജിസിസി രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾ സംയുക്തമായി പുതിയ വീസ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഉദ്യോഗസ്ഥ തലത്തിൽ നിരന്തര കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഈ മാസം രണ്ടിന് റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിലെ പ്രധാന അജൻഡ ഏകീകൃത ടൂറിസ്റ്റ് വീസ ആയിരുന്നു.
ഗൾഫ് രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ടീയ ബന്ധം സുദൃഢമാക്കാൻ പുതിയ വീസയിലൂടെ കഴിയുമെന്നാണു വിലയിരുത്തൽ. വ്യോമ, നാവിക, കര ഗതാഗതം, ഹോട്ടൽ, സുരക്ഷ എന്നീ മേഖലകളിൽ വൻ കുതിച്ചു ചാട്ടമാണു പ്രതീക്ഷിക്കുന്നത്. പുതിയ നിക്ഷേപ പദ്ധതികൾക്കും നീക്കം കരുത്ത് പകരും. വിനോദ സഞ്ചാര മേഖല കൂടുതൽ സജീവമാകും.
സൗദിവിഷൻ 2030, യുഎഇവിഷൻ 2071 പദ്ധതികൾക്ക് ഊർജമേകും. ഗൾഫ് രാജ്യങ്ങൾ എന്നും ഒന്നിച്ചാണെന്ന സന്ദേശവും ഏകീകൃത ടൂറിസ്റ്റ് വീസ ലോകത്തിനു നൽകും. ഓരോ രാജ്യങ്ങളുടെയും സാംസ്കാരിക, പൈതൃക ആഘോഷങ്ങൾ കൂടുതൽ, ജനകീയമാക്കാനാകും എന്നതും നേട്ടമാണ്.
Moving forward with a single visa Can visit six countries unified Gulf tourist visa soon