#Latest News #Pala Municipality #UDF #Congress #No Confidence Motion #Kerala Politics #LDF
പാലാ: ( www.truevisionnews.com ) പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാർക്ക് എതിരെ കോൺഗ്രസ് കർശന നടപടി. ടോണി, ബിജു, ലിസിക്കുട്ടി, രജിത എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായ ദിയയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണത്തിനാണ് അവിശ്വാസത്തോടെ അന്ത്യം കുറിച്ചത്. ചുമതലയേറ്റെടുത്ത് ആറ് മാസം പിന്നിട്ടപ്പോഴാണ് ദിയയ്ക്ക് അധികാരം നഷ്ടമായത്.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 17 വോട്ടുകൾക്ക് പാസായി. ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്. ഇതോടെ യുഡിഎഫിന് നഗരസഭയിലെ ഭൂരിപക്ഷം നഷ്ടമായി.
വിപ്പ് ലംഘിച്ച് പാർട്ടിയെ വഞ്ചിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസി പ്രസിഡണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും പുറത്താക്കിയത്. അവിശ്വാസത്തിലെ രാഷ്ട്രീയം കാണാതെ നിലപാടെടുത്തവർ വിമതരാണെന്ന് പുളിക്കകണ്ടം കൗൺസിലർമാരും പറഞ്ഞു.

അതേസമയം ജോസഫ് ഗ്രൂപ്പും അവിശ്വാസ വോട്ടെടുപ്പിൽ അതൃപ്തി മറച്ചുവെച്ചില്ല. യുഡിഎഫ് സംഭവം വിശദമായി പരിശോധിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചു.അവിശ്വാസം പാസായതോടെ നഗരസഭാ ഭരണം പിടിക്കാനുള്ള നീക്കം എൽഡിഎഫും ആരംഭിച്ചു.
പുളിക്കകണ്ടം കൗൺസിലർമാരെ കൂടാതെ ജോസഫ് ഗ്രൂപ്പിലെ മൂന്ന് കൗൺസിലർമാരും, കോൺഗ്രസിലെ രണ്ട് കൗൺസിലർമാരും, ഒരു കെഡിപി സ്വതന്ത്ര കൗൺസിലറും അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.15 ദിവസത്തിനുള്ളിൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണസമിതിക്ക് രൂപം നൽകാനുള്ള ചർച്ചകൾ ഇരു മുന്നണികളും തുടങ്ങിക്കഴിഞ്ഞു.
Content Highlight: Pala Municipality: 4 Congress Councillors Expelled After No-Confidence Motion, UDF Loses Power
#Latest News #Pala Municipality #UDF #Congress #No Confidence Motion #Kerala Politics #LDF



































