---
title: " യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു;  തകരാറിന് കാരണത്തെ കുറിച്ച്  ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി "
english_title: "Facebook and Instagram Outage in UAE, Users Face Login Issues"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373528/uae-facebook-instagram-outage-login-issues-down-detector"
published_at: "2026-07-20T15:06:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dec592889a_uae-facebook-instagram-outage-login-issues-down-detector.jpg"
keywords: ["Facebook Outage", "Instagram Down", "UAE", "Meta", "Downdetector", "Social Media", "Login Problem"]
---

#  യു.എ.ഇയിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു;  തകരാറിന് കാരണത്തെ കുറിച്ച്  ഔദ്യോഗിക വിശദീകരണം നൽകാതെ മെറ്റാ കമ്പനി 

> **Lead Summary:** ദുബൈ: യു.എ.ഇയിലെ മെറ്റാ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. നിരവധി പേർക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് താൽക്കാലികമായി നഷ്ടപ്പെട്ടു.

## Article Content

ദുബൈ: യു.എ.ഇയിലെ മെറ്റാ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. നിരവധി പേർക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് താൽക്കാലികമായി നഷ്ടപ്പെട്ടു.

തകരാറുകൾ ട്രാക്ക് ചെയ്യുന്ന 'ഡൗൺഡിറ്റെക്ടർ' വെബ്സൈറ്റ് അനുസരിച്ച് വെബ്സൈറ്റ് തകരാറുകൾ, ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ, സെർവർ കണക്ഷൻ പ്രശ്നങ്ങൾ എന്നിവയാണ് ഉപയോക്താക്കൾ പ്രധാനമായും റിപ്പോർട്ട് ചെയ്തത്.യു.എ.ഇ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫേസ്ബുക്ക് തകരാറുകളെക്കുറിച്ചുള്ള പരാതികൾ വലിയ തോതിൽ ഉയർന്നത്.

രാവിലെ 11.45-ഓടെ 104 ഉപയോക്താക്കൾ ഫേസ്ബുക്ക് പ്രശ്നങ്ങളും ഉച്ചയ്ക്ക് 12.31-ഓടെ 184 ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാം പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു.ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവരിൽ 40 ശതമാനം പേർക്ക് ആപ്പ് നാവിഗേഷനിൽ പ്രശ്നമുണ്ടായിരുന്നു.

30 ശതമാനം പേർക്ക് ഫീഡ് ലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും 20 ശതമാനം പേർക്ക് സെർവർ കണക്ഷൻ ലഭിക്കാതിരിക്കുകയും ചെയ്തു. ബ്രൗസർ വഴി ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കുന്നില്ലെന്നും പലരും പരാതിപ്പെട്ടു.ഈ തടസ്സം യു.എ.ഇയിൽ മാത്രമായി ഒതുങ്ങിയില്ല.

ആഗോളതലത്തിൽ ഫേസ്ബുക്കിന് 4000-ലധികവും ഇൻസ്റ്റാഗ്രാമിന് 3000-ലധികവും തകരാർ റിപ്പോർട്ടുകൾ ഡൗൺഡിറ്റെക്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ വൈകുന്നേരം 3.37-ഓടെ പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടതായി ഉപയോക്താക്കൾ അറിയിച്ചു. സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കപ്പെട്ടു.

കഴിഞ്ഞ മാസവും യു.എ.ഇയിലെ ഉപയോക്താക്കൾക്ക് സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ട് ആകുന്നതും തിരികെ ലോഗിൻ ചെയ്യാൻ സാധിക്കാത്തതുമായ സാങ്കേതിക തകരാറുകളാണ് അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തകരാറിന് കാരണത്തെ കുറിച്ച് മെറ്റാ കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373528/uae-facebook-instagram-outage-login-issues-down-detector)