#Latest News #Gulf News #Saudi Arabia #Bank Money Transfer
റിയാദ്: കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കി സൗദി അറേബ്യ. പുതിയ ഭേദഗതി അനുസരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ ഏതൊരു ബിസിനസ് ബന്ധം ആരംഭിക്കുന്നതിനും അക്കൗണ്ടുകള്‍ തുറക്കുന്നതിനും മുമ്പ് ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങളും പണത്തിന്റെ ഉറവിടവും പരിശോധിച്ചിരിക്കണം.
ഒരു നിയമപരമായ സ്ഥാപനത്തിന്റെ 25 ശതമാനമോ അതില്‍ കൂടുതലോ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന യഥാര്‍ഥ ഉടമസ്ഥനെ കൃത്യമായി തിരിച്ചറിയണം. സംശയാസ്പദമായ വിവരങ്ങള്‍ ലഭിച്ചാല്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടാകും.
സാമ്പത്തിക ഇടപാടുകളില്‍ പൂര്‍ണ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സൗദി സെന്‍ട്രല്‍ ബാങ്ക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി, മന്ത്രാലയങ്ങളായ വാണിജ്യം, നിയമം, ഇന്‍ഷുറന്‍സ് അതോറിറ്റി എന്നിവയുള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും.
ഇതിന്റെ ഭാഗമായി മണി ട്രാന്‍സ്ഫര്‍ സര്‍വീസുകള്‍, ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോകള്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങള്‍, വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ചില ലീഗല്‍ അക്കൗണ്ടിങ് സ്ഥാപനങ്ങള്‍, സ്വര്‍ണം, വിലകൂടിയ ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുടെ വ്യാപാരം എന്നിവയെല്ലാം കര്‍ശന നിരീക്ഷണത്തിലാകും.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, സൈനിക മേധാവികള്‍, അന്താരാഷ്ട്ര സംഘടനകളിലെ ഭാരവാഹികള്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.
ഇവരുടെ കുടുംബാംഗങ്ങളും അടുത്ത കൂട്ടാളികളും ഈ നിരീക്ഷണ പരിധിയില്‍ വരും. ഇവരുമായി ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളിലെ ഉന്നത മാനേജ്മെന്റിന്റെ അനുമതിയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കേണ്ടതുണ്ട്.
വിദേശ ബാങ്ക് ട്രാന്‍സ്ഫറുകളില്‍ അയക്കുന്ന ആളുടേയും സ്വീകരിക്കുന്ന ആളുടേയും പേര്, അക്കൗണ്ട് നമ്പര്‍, പണത്തിന്റെ ലക്ഷ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അടിസ്ഥാന വിവരങ്ങളില്ലാത്ത ട്രാന്‍സ്ഫറുകള്‍ ബാങ്കുകള്‍ റദ്ദാക്കും.
സംശയാസ്പദമായ ഏതൊരു ഇടപാടും തുകയുടെ വലിപ്പം നോക്കാതെ ഉടന്‍ തന്നെ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിനെ അറിയിക്കണം. സംശയാസ്പദമായ അക്കൗണ്ടുകളും ആസ്തികളും 7 പ്രവൃത്തി ദിനങ്ങള്‍ വരെ മരവിപ്പിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൂടുതല്‍ അധികാരമുണ്ട്.
Content Highlight: Saudi Arabia strengthens measures to prevent money laundering






























.jpeg)






