#Latest News #Iran Drone Attack #Bahrain Ministry of Foreign Affairs
മനാമ: (gcc.truevisionnews.com) രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. ഇന്ന് പുലർച്ചെ നടന്ന ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിലെ യുഎസ് സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ നേരത്തെ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സംഘർഷം ലഘൂകരിക്കാനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രകോപനമുണ്ടായതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർച്ചയായ സൈനിക നടപടികളിലൂടെ ഇറാൻ പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുകയാണെന്നും സമാധാന ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്നും ബഹ്‌റൈൻ ആരോപിച്ചു.
സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാനും പ്രാദേശിക രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ജൂൺ 17 ലെ ധാരണാപത്ര പ്രകാരം ഇറാൻ പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാൽ, ഈ കരാറുകളെയും അന്താരാഷ്ട്ര സമൂഹത്തെയും പാടെ അവഗണിക്കുന്നതാണ് ഇറാന്റെ പുതിയ നടപടിയെന്ന് ബഹ്‌റൈൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനുള്ള പൂർണ്ണ അവകാശം ബഹ്‌റൈനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും, ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‌റൈൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Content Highlight: Iran's drone attack in Bahrain Ministry of Foreign Affairs strongly condemns
#Latest News #Iran Drone Attack #Bahrain Ministry of Foreign Affairs





























