#Transport #Kottayam native couple #Suicide #Deadbody
റിയാദ്: (https://gcc.truevisionnews.com/) റിയാദിൽ മരിച്ച കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായി. ആൽബിൻ തോമസിന്റെയും ലിധിയ തോമസിന്റെയും മൃതദേഹങ്ങൾ ഈ ആഴ്ച തന്നെ നെടുമ്പാശ്ശേരിയിലെത്തിക്കും. റിയാദിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരാണ് മരിച്ചത് . ആൽബിൻ തോമസിന്റെ മൃതദേഹം നാളെയും ലിധിയ തോമസിന്റേത് വ്യാഴാഴ്ചയും കൊണ്ടുപോകും.
ചൊവ്വാഴ്ച പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ആൽബിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 10.20ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ലിധിയ തോമസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.
നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ദമ്പതികളുടെ വിയോഗത്തിലേക്ക് നയിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ മാനസിക വിഷമത്താൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.

ലിധിയ വർഷങ്ങളായി റിയാദിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ആൽബിൻ സൗദിയിലെത്തിയത്. നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന ആറ് വയസ്സുകാരി സാറ ആൽബിൻ ഇവരുടെ ഏക മകളാണ്. തോമസ് ജോസഫ്-മിനി തോമസ് ദമ്പതികളുടെ മകനാണ് ആൽബിൻ. തോമസ് മാത്യു-ആൻസി തോമസ് എന്നിവരാണ് ലിധിയയുടെ മാതാപിതാക്കൾ.
നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്.
Content Highlight: Arrangements to transport the bodies of the Kottayam native couple to their hometown have been completed.




































