#Latest News #Kuwait Airport #Iran Attack #Kuwait
കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന ഇറാൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിഷയത്തിൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് (ഐസിഎഒ) കുവൈത്ത് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (പിഎസിഎ) മൂന്നാം തവണയും പ്രതിഷേധക്കത്ത് കൈമാറി. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കുവൈത്ത് പുതിയ കത്ത് നൽകിയിരിക്കുന്നത്.
ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സൗകര്യങ്ങൾക്കും എയർ ട്രാഫിക് മാനേജ്മെന്റ് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. ആക്രമണത്തിൽ ചിലർക്ക് പരിക്കേറ്റു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താൽക്കാലികമായി വ്യോമഗതാഗതം നിർത്തിവെക്കേണ്ടിന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്.
വ്യോമഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ തുടർച്ചയായി ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് കത്തിൽ ചൂണ്ടികാട്ടി. യാത്രക്കാർ, വിമാന ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവരെയും ഇത് അപകടത്തിലാക്കുന്നു. വ്യോമമേഖലയിലെ ഈ ഗുരുതരമായ ലംഘനങ്ങൾ രേഖപ്പെടുത്തണമെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുവൈത്ത് വ്യക്തമാക്കി.
Content Highlight: Iranian attack on Kuwait airport, Fresh protest letter sent to ICAO




































