#Expatriate Driver #Dubai #License #vehicle #Beating Driver
ദുബായ് : (https://gcc.truevisionnews.com/) റോഡിൽ മറ്റൊരു വാഹനത്തെ പിന്തുടർന്ന് മനഃപൂർവ്വം തടയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രതിയായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവുശിക്ഷ വിധിച്ചു.
റോഡിൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ യുഎഇ അധികൃതർ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്റെ ഉത്തരവ്. തടവുശിക്ഷയ്ക്ക് പുറമെ ഇയാളുടെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും കോടതി വിധിച്ചിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിച്ച പ്രതി പരാതിക്കാരന്റെ വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് വെട്ടിച്ചുകയറ്റുകയും തുടർന്ന് പിന്തുടർന്ന് നിർബന്ധപൂർവ്വം വാഹനം തടയുകയുമായിരുന്നു. ഇതിനുശേഷം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഇയാൾ പരാതിക്കാരനെ മർദ്ദിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. സംഭവം നടന്ന തീയതിയോ സ്ഥലമോ വ്യക്തമല്ല.
ഡ്രൈവർമാർ എപ്പോഴും സ്വയംനിയന്ത്രണം പാലിക്കണമെന്നും സമൂഹത്തിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന റോഡ് മര്യാദകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും സീനിയർ അഡ്വക്കേറ്റ് ജനറലും ട്രാഫിക് പ്രോസിക്യൂഷൻ തലവനുമായ കൗൺസിലർ സ്വലാഹ് അൽ ഫലാസി പറഞ്ഞു.

നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ സുരക്ഷാ-ഗതാഗത അധികാരികൾക്ക് മാത്രമാണ് അധികാരമുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം യുഎഇയിൽ പെട്ടെന്ന് വാഹനം വെട്ടിച്ചുകയറ്റുന്നത് (സഡൻ സ്വെർവിങ്) ഗുരുതരമായ ഗതാഗത നിയമലംഘനമാണ്.
ഇതിന് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. എന്നാൽ അപകടത്തിന്റെ തീവ്രതയനുസരിച്ച് കനത്ത പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും.
Content Highlight: Expatriate driver in Dubai sentenced to 3 months in prison, license revoked for stopping vehicle on road and beating driver




































