#Latest News #Oman #Summer Heat Reaches Record High #High Temperature
മസ്‌കത്ത്: (truevisionnews.com) ഗൾഫ് രാജ്യങ്ങളിൽ വേനൽച്ചൂട് കനക്കുന്നതിനിടെ, കഴിഞ്ഞ മേയ് മാസത്തിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
49.1°C എന്ന റെക്കോർഡ് ചൂടാണ് ബർകയിൽ മാത്രം അനുഭവപ്പെട്ടത്. ഒമാനിൽ ഉടനീളം മേയ് മാസം കടുത്ത ചൂടാണ് രേഖപ്പെടുത്തിയതെന്ന് സിഎഎയുടെ പ്രതിമാസ കാലാവസ്ഥാ കണക്കുകൾ വ്യക്തമാക്കുന്നു.
ബർകയ്ക്ക് തൊട്ടുപിന്നാലെ സുവൈഖ് (48.8°C), സഹം (48.6°C), അൽ ഖാബൂറ (48.5°C), വാദി അൽ മആവിൽ (48°C) എന്നീ പ്രദേശങ്ങളും വിയർത്തുരുകി. എന്നാൽ ഈ കടുംചൂടിലും ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസ് പതിവുപോലെ പക്കാ കൂളായി നിന്നു.
വെറും 10.4°C ആണ് മേയ് മാസത്തിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ജബൽ ഷംസിന് പുറമെ സൈഖ് (15.8°C), ജബൽ ഹാരിം (16°C), അൽ സിനീന (18.4°C), യൻഖുൽ (19.5°C) തുടങ്ങിയ ഇടങ്ങളിലും തണുപ്പുള്ള കാലാവസ്ഥയായിരുന്നു.

ഇതിനിടെ അൽ വാഫി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മറ്റൊരു കൗതുക വിവരവും പങ്കുവെച്ചു. ഈ സ്റ്റേഷൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ 2025 മേയ് മാസത്തിലായിരുന്നു (48°C).
എന്നാൽ തൊട്ടുപിന്നാലെ ഈ വർഷം (2026 മേയ്) 47.9°C ചൂട് ഇവിടെ രേഖപ്പെടുത്തി. 2019-ൽ ഈ സ്റ്റേഷൻ സ്ഥാപിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന താപനിലയാണിത്. വരും ദിവസങ്ങളിലും ചൂട് വൻതോതിൽ ഉയരുമെന്നാണ് പ്രവചനം.
Content Highlight: Oman records second highest temperature since 2019
#Latest News #Oman #Summer Heat Reaches Record High #High Temperature



































