#Latest News #Oman #Email scam #Traffic fine
മസ്കത്ത്: (gcc.truevisionnews.com) ഒമാനിലെ സ്വദേശികളെയും വിദേശി താമസക്കാരെയും ലക്ഷ്യമിട്ട് വ്യാജ ട്രാഫിക് പിഴകളുടെ പേരിൽ പുതിയ രീതിയിലുള്ള ഇമെയിൽ തട്ടിപ്പ് വ്യാപകമാകുന്നതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നൽകി.
മോട്ടോർ വാഹന വകുപ്പിലെ ഔദ്യോഗിക അധികാരികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകൾക്ക് ഇലക്ട്രോണിക് സന്ദേശങ്ങൾ അയക്കുന്നത്. വലിയ തുക ട്രാഫിക് പിഴയായി അടയ്ക്കാനുണ്ടെന്നും അല്ലെങ്കിൽ മറ്റ് നിയമപരമായ കുടിശ്ശികകൾ നിലവിലുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇവർ കെണിയൊരുക്കുന്നത്.
സന്ദേശങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന വ്യാജ ലിങ്കുകൾ വഴി പണം അടയ്ക്കാനോ, അതല്ലെങ്കിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും കൈമാറാനോ ആവശ്യപ്പെടുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി.
ഇത്തരം കെണികളിൽ വീഴരുതെന്നും സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.

ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത യാതൊരുവിധ പ്ലാറ്റ്‌ഫോമുകളിലൂടെയും തങ്ങളുടെ ബാങ്കിങ് വിവരങ്ങളോ രഹസ്യ കോഡുകളോ കൈമാറരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. സുരക്ഷിതമല്ലാത്ത സന്ദേശങ്ങളിലൂടെ സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
സംശയാസ്പദമായ രീതിയിലുള്ള ഇമെയിലുകളോ സൈബർ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ വൈകിക്കാതെ തന്നെ റോയൽ ഒമാൻ പൊലീസിന്റെ സൈബർ വിങ്ങിലോ ബന്ധപ്പെട്ട മറ്റ് അധികാരികളെയോ വിവരമറിയിക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു.
Content Highlight: content highlights:- Email scam in Oman over fake traffic fines




































