#Passenger services #Etihad Rail unveils #uniforms #Employees
അബുദാബി (https://gcc.truevisionnews.com/)യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് യാഥാർത്ഥ്യത്തിലേക്ക്. ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ പുതിയ യൂണിഫോം അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. സ്റ്റേഷൻ ജീവനക്കാർ, ട്രെയിനിലെ ഹോസ്റ്റസുമാർ, കസ്റ്റമർ കെയർ വിഭാഗം എന്നിവർ ഉൾപ്പെടെ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന വിഭാഗങ്ങൾക്കുള്ള പുതിയ യൂണിഫോമാണ് പ്രദർശിപ്പിച്ചത്.
പ്രഫഷണലിസവും യുഎഇയുടെ പാരമ്പര്യവും ഒത്തുചേരുന്ന രീതിയിൽ ചാര, ചുവപ്പ് നിറങ്ങൾ ചേർത്താണ് പുതിയ വസ്ത്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. യുഎഇയിലെ ആധുനിക റെയിൽവേ പ്രവർത്തനങ്ങൾ, ജീവനക്കാരുടെ ചലനശേഷി, കാലാവസ്ഥ, യാത്രക്കാരുമായുള്ള ദൈനംദിന ഇടപെടലുകൾ എന്നിവയെല്ലാം കൃത്യമായി പഠിച്ച ശേഷമാണ് യൂണിഫോം വികസിപ്പിച്ചെടുത്തത്.
വിശ്വസ്തതയുടെയും ശാന്തതയുടെയും പ്രതീകമായാണ് ഗ്രേ നിറം തിരഞ്ഞെടുത്തത്. അതേസമയം, ദേശീയ റെയിൽവേയുടെ ലക്ഷ്യബോധത്തെയും ഊർജ്ജസ്വലതയെയും ചുവപ്പ് നിറം സൂചിപ്പിക്കുന്നു. ട്രെയിൻ സർവീസുകൾ ആരംഭിക്കുമ്പോൾ യാത്രക്കാർക്ക് ലഭിക്കുന്ന ആദ്യത്തെ മികച്ച ഇംപ്രഷൻ ഈ ജീവനക്കാരുടെ ലുക്കിലൂടെയായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
യാത്രാ സർവീസുകൾ ആരംഭിക്കുന്നതിലേക്കുള്ള യാത്രയിലെ സുപ്രധാനമായൊരു നിമിഷമാണിതെന്ന് ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് ഡയറക്ടർ അദ്രാ അൽ മൻസൂരി പറഞ്ഞു. ഈ യൂണിഫോമുകൾ ദൃശ്യപരമായ അടയാളം മാത്രമല്ലെന്നും, വരും വർഷങ്ങളിൽ ആയിരക്കണക്കിന് പുതിയ യാത്രക്കാർക്ക് മുന്നിൽ ഇത്തിഹാദ് റെയിലിന്റെ മുഖമായി മാറാൻ പോകുന്ന ജീവനക്കാരുടെ പ്രതീകമാണെന്നും അവർ കൂട്ടിച്ചേർത്തു.

സുരക്ഷ, പ്രഫഷണലിസം, അതിഥി സൽക്കാരം, ദേശീയ അഭിമാനം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് ഘട്ടങ്ങളായാകും യാത്രാ സർവീസുകൾ ആരംഭിക്കുക. വരും ആഴ്ചകളിൽ റൂട്ടുകൾ, സ്റ്റേഷനുകൾ, യാത്രക്കാർക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Content Highlights:-Passenger services soon: Etihad Rail unveils uniforms for employees
#Passenger services #Etihad Rail unveils #uniforms #Employees




































