റിയാദ്: ( gcc.truevisionnews.com ) സൗദിഅറേബ്യയില്‍ താമസതൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിന് ഒരു ആഴ്ചക്കിടെ 11,272 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെയ് 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകളും സര്‍ക്കാര്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനകളില്‍ 9,576 നിയമലംഘകരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.
പിടിയിലായവരില്‍ 4,865 പേര്‍ താമസ നിയമവും (ഇഖാമ), 3,319 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും, 1,392 പേര്‍ തൊഴില്‍ നിയമങ്ങളും ലംഘിച്ചവരാണ്. നിയമനടപടികളുടെ ഭാഗമായി 2,311 പേരെ യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 11,226 പേരുടെ യാത്രാ ടിക്കറ്റ് ബുക്കിംഗ് നടപടികള്‍ പുരോഗമിക്കുകയാണ്. ഹജ്ജ് സീസണായതിനാല്‍ വിവിധ സഊദിയുടെ വിവിധ നിയമപാലന ഏജന്‍സികള്‍ റെയ്ഡ് കര്‍ശനമാക്കിയിട്ടുണ്ട്.
അതിര്‍ത്തി വഴി സഊദിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,500 പേര്‍ സുരക്ഷാ സേനയുടെ പിടിയിലായി. ഇവരില്‍ 60 ശതമാനം എത്യോപ്യന്‍ പൗരന്മാരും 38 ശതമാനം യെമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യം വിടാന്‍ ശ്രമിച്ച 58 നിയമലംഘകരും പിടിയിലായിട്ടുണ്ട്. നിയമലംഘകര്‍ക്ക് താമസസൗകര്യം, ജോലി, യാത്രാസൗകര്യം എന്നിവ നല്‍കിയ 12 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു.
നിലവില്‍ 25,059 പുരുഷന്മാരും 1,573 സ്ത്രീകളും ഉള്‍പ്പെടെ 26,632 വിദേശികള്‍ക്കെതിരെ വിവിധ പ്രവിശ്യകളില്‍ നിയമനടപടികള്‍ തുടരുകയാണ്. നിയമവിരുദ്ധമായി രാജ്യത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നവര്‍ക്കും അവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കും 15 വര്‍ഷം വരെ തടവും 10 ലക്ഷം സഊദി റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999, 996 എന്നീ നമ്പറുകളിലും വിവരമറിയിക്കണം.
Strict checks during Hajj season Saudi Arabia deports 11,272 violators in one week




































