കുവൈത്ത് സിറ്റി: ( gcc.truevisionnews.com) യുകെയിൽ നിന്ന് കൊറിയർ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 2.3 കിലോഗ്രാം മാരക ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി. ഒരു പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനി വഴി എത്തിയ രണ്ട് പാഴ്സലുകളിൽ നിന്നാണ് കുവൈത്ത് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെടുത്തത്.
ഷിപ്പിംഗ് രേഖകളിൽ 'ബോഡി വാഷ്' എന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും സംശയം തോന്നിയ കസ്റ്റംസ് സംഘം പാഴ്സൽ വിശദമായി പരിശോധിക്കുകയായിരുന്നു. കുപ്പികൾക്കുള്ളിൽ സുതാര്യമായ ദ്രാവകം കണ്ടതിനെ തുടർന്ന് സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. തുടർന്നാണ് ഇത് മാരക ലഹരിമരുന്നായ 'കെമിക്കൽ ലിക്വിഡ്' ആണെന്ന് സ്ഥിരീകരിച്ചത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 2.3 കിലോഗ്രാം തൂക്കമുണ്ട്. സംഭവത്തിൽ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും കേസ് ഉയർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. അതിർത്തികൾ വഴിയുള്ള ലഹരിമരുന്ന് കടത്തിനെതിരെ കർശന നിരീക്ഷണം തുടരുമെന്ന് കസ്റ്റംസ് അറിയിച്ചു.
New drug smuggling tactic; Kuwait Customs seizes 'drunken soap bottles' that arrived in a parcel from the UK




































