കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ടാക്സി ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കൃത്യമായ ആസൂത്രണത്തിലൂടെ എഴുപതോളം ടാക്സി ഡ്രൈവർമാരെയാണ് ഇവർ കബളിപ്പിച്ചത്.
ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി കുറിച്ചെടുക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇവർ ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ടുകൾ നിർമ്മിക്കും.
യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ ഫോണിലെ 'കുവൈത്ത് മൊബൈൽ ഐഡി' ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. ഡ്രൈവർമാർ പോലുമറിയാതെ ഇതിലൂടെ അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ യുവതി പൂർത്തിയാക്കും.
അക്കൗണ്ട് ആക്ടീവായതോടെ ഡ്രൈവർമാരുടെ പേരിൽ ഓൺലൈൻ വഴി വിലകൂടിയ സാധനങ്ങൾ വാങ്ങും. ഈ സാധനങ്ങൾ പിന്നീട് മറിച്ചുവിറ്റ് പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ രീതി. സാധനങ്ങളുടെ വൻ തുകയുടെ ബില്ല് വരുമ്പോഴാണ് ഡ്രൈവർമാർ തട്ടിപ്പ് വിവരമറിയുന്നത്.

വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി പിടിയിലായത്. സാൽമിയ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ എഴുപതോളം തട്ടിപ്പുകൾ നടത്തിയതായി ഇവർ സമ്മതിച്ചു. യുവതിയെ നിലവിൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായ ഡ്രൈവർമാരെ തിരിച്ചറിയൽ നടപടികൾക്കായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
The 'technology thief' who shocked Kuwait by getting into a taxi and stealing civil IDs is finally caught




































