റിയാദ്: ( gcc.truevisionnews.com ) സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിൽ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ മോചിതനായി നാട്ടിലേക്ക് വരുന്നു. നീണ്ട 20 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് റഹീമിന്റെ മടക്കം. മെയ് 19-ഓടെ റഹീമിന്റെ ശിക്ഷാ കാലാവധി പൂർത്തിയാകും. മെയ് 19-നോ 20-നോ അദ്ദേഹം നാട്ടിലെത്തിയേക്കുമെന്നാണ് വിവരം.
മരിച്ച ബാലന്റെ കുടുംബത്തിന് 'ദിയാധനം' (മോചനദ്രവ്യം) നൽകിയതോടെ റഹീമിന്റെ വധശിക്ഷ കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റ് നിയമപരമായ വകുപ്പുകളിന്മേൽ 20 വർഷത്തെ തടവുശിക്ഷ കൂടി റഹീമിന് ലഭിച്ചിരുന്നു. ഈ ശിക്ഷാ കാലാവധിയാണ് മെയ് 19-ന് അവസാനിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമിച്ച് സമാഹരിച്ച 34 കോടി രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാധനമായി നൽകിയതിനെ തുടർന്നാണ് റഹീമിന്റെ ജീവൻ രക്ഷിക്കാനായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. തുടർന്ന് 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. പിന്നീട് വൻ ജനകീയ പങ്കാളിത്തത്തോടെ മലയാളികൾ ദിയാധനം കണ്ടെത്തുകയും വധശിക്ഷ റദ്ദാക്കുകയുമായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകളും ഒരുമയുമാണ് ഇപ്പോൾ വിജയത്തിലെത്തി നിൽക്കുന്നത്.
The Malayali love of 34 crores has won, the 20-year wait is over; Abdul Rahim may reach his home soil by May 20th




































