റിയാദ്: ( gcc.truevisionnews.com ) സൗദി തലസ്ഥാനമായ റിയാദിൽ സുരക്ഷ ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തി വാണിജ്യ സ്ഥാപനത്തിൽ കവർച്ച നടത്തിയ രണ്ടുപേരെ സുരക്ഷാ സേന പിടികൂടി. ഔദ്യോഗിക പദവിയിലുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറുകയും അവിടെയുള്ള പണം തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്തത്. കവർച്ചയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് വലയിലാക്കിയത്.
പിടിയിലായവർക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്രതികളെ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ അന്വേഷണങ്ങൾക്കും വിചാരണ നടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. ഇത്തരം ആൾമാറാട്ടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
Two men arrested for robbing in Riyadh posing as security officers




































