റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ ആരോഗ്യമേഖലയിലെ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച വിദേശിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മതിയായ ലൈസൻസില്ലാതെ ആരോഗ്യ സേവനങ്ങൾ നൽകുകയും, കടുത്ത നിയന്ത്രണങ്ങളുള്ള ഗർഭഛിദ്ര മരുന്നുകൾ നിയമവിരുദ്ധമായി വിപണനം നടത്തുകയും ചെയ്തതിനാണ് ശിക്ഷ. ആരോഗ്യ മന്ത്രാലയവും സുരക്ഷ വിഭാഗങ്ങളും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
റിയാദ് മേഖലയിൽ നടന്ന പരിശോധനയിൽ പിടിയിലായ ഇയാൾക്കെതിരെ ആരോഗ്യ തൊഴിൽ നിയമപ്രകാരം കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് മാസം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം നൽകേണ്ടതും പൊതുവിപണിയിൽ വിൽക്കാൻ അനുമതിയില്ലാത്തതുമായ മരുന്നുകൾ ഇയാൾ പ്രചരിപ്പിച്ചിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.
രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മന്ത്രാലയം സ്വീകരിക്കുന്നത്.
ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈമാറുന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സേവനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിനും അത്യാവശ്യമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
Saudi Arabia takes strict action against foreigners for treating and selling medicines without a license





































