കുവൈത്ത് സിറ്റി : (gcc.truevisionnews.com) ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ കുവൈത്ത് മന്ത്രിസഭ പ്രത്യേക സമിതി രൂപീകരിച്ചു. നാശനഷ്ടങ്ങളുടെ യഥാർത്ഥ തോതും വ്യാപ്തിയും കണ്ടെത്തുകയാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം.
ധനമന്ത്രി ഡോ. യാക്കൂബ് അൽ-റിഫായി അധ്യക്ഷനായ സമിതിയിൽ വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഏകോപിപ്പിക്കുക, ബാധിത സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. കൃത്യമായ റിപ്പോർട്ട് തയാറാക്കി തുടർനടപടികൾ സ്വീകരിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.
ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും തങ്ങളുടെ കീഴിലുള്ള വിഭാഗങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലുമുണ്ടായ നാശനഷ്ടം സമഗ്രമായി രേഖപ്പെടുത്താൻ മന്ത്രിസഭ നിർദേശം നൽകി. കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും സംഭവിച്ച ഭൗതിക നാശനഷ്ടം, സേവനങ്ങളിലുണ്ടായ തടസ്സം, സാങ്കേതിക സംവിധാനങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ തരത്തിലുള്ള നഷ്ടങ്ങളും വിലയിരുത്തും. ഓരോ സ്ഥാപനവും നാശനഷ്ടങ്ങളുടെ സ്വഭാവവും വ്യാപ്തിയും വ്യക്തമായി വിശദീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കി സമിതിക്ക് സമർപ്പിക്കണം.
റിപ്പോർട്ടുകൾക്ക് തെളിവായി ഫോട്ടോകളും അനുബന്ധ രേഖകളും ഉൾപ്പെടുത്തണം. കൃത്യത ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്തുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്രവും വിശ്വാസ്യതയുള്ളതുമായ വിവരശേഖരം സൃഷ്ടിച്ച്, ആവശ്യമായ നടപടികൾ കാര്യക്ഷമമായി സ്വീകരിക്കാൻ നീക്കം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
Iran attack: Kuwait forms special committee to assess damages




































