മനാമ: (gcc.truevisionnews.com) ബഹ്‌റൈനിലെ നുവൈദ്രാത്തിലുള്ള വ്യാപാര സ്ഥാപനത്തിൽ നിന്ന് നാലായിരം ദീനാറിലധികം വിലവരുന്ന സാധനങ്ങൾ കവർന്ന കേസിൽ നാല് പേർ പിടിയിലായി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 44-നും 52-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഇവരെ തുട നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ തെളിവെടുപ്പിലൂടെയും അന്വേഷണത്തിലൂടെയുമാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. മോഷ്ടിച്ച സാധനങ്ങൾ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. മോഷണവസ്തുക്കൾ പോലീസ് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
Bahrain police arrest four people for theft at a business establishment




































