ജിദ്ദ : (gcc.truevisionnews.com) 2026-ലെ ഹജ്ജ് സീസണിനോടനുബന്ധിച്ച് വിദേശ തൊഴിലാളികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി സൗദി ജവാസാത്ത് (പാസ്‌പോർട്ട് വിഭാഗം) അറിയിച്ചു. ഹജ്ജ് ചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് മുൻകൂട്ടിയുള്ള ഈ നടപടി. പെർമിറ്റുകൾക്കായി പാസ്‌പോർട്ട് ഓഫീസുകളിൽ നേരിട്ട് പോകേണ്ടതില്ലെന്നും അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി ഓൺലൈനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി. മക്കയിൽ ജോലി ചെയ്യുന്നവർക്കും ഹജ്ജ് സേവന രംഗത്തുള്ളവർക്കും ഈ അനുമതി പത്രം നിർബന്ധമാണ്..
ജിസിസി പൗരന്മാർ, പ്രീമിയം റെസിഡൻസി ഉടമകൾ, നിക്ഷേപകർ, സൗദി പൗരന്മാരുടെ മാതാക്കൾ, ഗാർഹിക തൊഴിലാളികൾ, വിദേശി കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ പ്ലാറ്റ്‌ഫോം വഴി പെർമിറ്റ് എടുക്കാം. മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഹജ്ജ് സീസണിൽ താൽക്കാലിക കരാറുകളിൽ ജോലി ചെയ്യുന്നവർക്കും പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
ഔദ്യോഗിക പെർമിറ്റില്ലാത്ത വിദേശികൾ മക്കയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽ വന്നതായി പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ജോലി ചെയ്യുന്നതിനായി ബന്ധപ്പെട്ട അതോറിറ്റി നൽകിയ വർക്ക് പെർമിറ്റ്, മക്കയിൽ നിന്ന് ഇഷ്യൂ ചെയ്ത ഇഖാമ, ഹജ്ജ് പെർമിറ്റ് എന്നിവ വേണം.
ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 'തസ്രീഹ്' എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് പെർമിറ്റുകൾ വിതരണം ചെയ്യുന്നത്. നിശ്ചിത രേഖകളില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Permit required to enter Mecca, applications accepted


































