Apr 16, 2026 12:09 PM

മക്ക: (gcc.truevisionnews.com) പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ പെർമിറ്റുകൾ സംഘടിപ്പിച്ചു നൽകുമെന്നും വ്യാജ ഹജ് സേവനങ്ങൾ ലഭ്യമാക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകി തട്ടിപ്പ് നടത്തിയ ഈജിപ്ഷ്യൻ പൗരനെ മക്ക പ്രവിശ്യാ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

ഹജ് പെർമിറ്റ് വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും നാടുകടത്തലും പ്രവേശന വിലക്കും ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തും.

ഏപ്രിൽ 18 മുതൽ മേയ് 31 വരെയുള്ള ദിവസങ്ങളിൽ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കുന്ന വിസിറ്റ് വിസക്കാർക്കും ഇതേ പിഴ ബാധകമാണ്. നിയമലംഘകരെ സഹായിക്കുന്നവർക്കും കൊണ്ടുപോകുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴത്തുക ഇരട്ടിയാകും.

പിടിയിലാകുന്ന പ്രവാസികളെ നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും. നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. ശിക്ഷിക്കപ്പെടുന്നവർക്ക് നിശ്ചിത ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ അവകാശമുണ്ടായിരിക്കും. നിയമലംഘനങ്ങളെക്കുറിച്ച് മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് സ്ഥലങ്ങളിൽ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Fake Hajj service Expatriate who scammed by advertising on social media will be deported

Next TV

Top Stories










News Roundup