ദുബായ്: (gcc.truevisionnews.com) ദുബായിലെ പ്രമുഖ അമേരിക്കൻ സാങ്കേതിക വിദ്യ കമ്പനിയായ ഒറാക്കിളിന്റെ ഡാറ്റാ സെന്ററിന് നേരെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തിയെന്ന പ്രചാരണം ദുബായ് സർക്കാർ തള്ളി.
സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. എക്സ് (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ, ദുബായിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഇത് വെറും വ്യാജവാർത്ത മാത്രമാണെന്നും അധികൃതർ അറിയിച്ചു.
മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വാഷിംഗ്ടണുമായി തർക്കം രൂക്ഷമായാൽ അമേരിക്കൻ സാങ്കേതിക കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ് ഇത്തരമൊരു അഭ്യൂഹം പടരാൻ കാരണമായത്.
വ്യാജ റിപ്പോർട്ടുകൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ദുബായ് സർക്കാർ ഓർമ്മിപ്പിച്ചു.
News of attack on Dubai Oracle center is fake


































