(truevisionnews.com) മഞ്ഞുപുതച്ചു കിടക്കുന്ന ഒരു വിദേശ രാജ്യം പോലെ തോന്നിപ്പിക്കുന്ന വെള്ളപ്പരപ്പ്, മനോഹരമായ റീൽസുകൾക്കും പ്രീ വെഡിങ് ഷൂട്ടിനും പറ്റിയ ലൊക്കേഷൻ—രാജസ്ഥാനിലെ അജ്മീറിലുള്ള ഈ 'വൈറ്റ് വണ്ടർ ലാൻഡ്' ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്.
എന്നാൽ, കണ്ണഞ്ചിപ്പിക്കുന്ന ഈ വെളുപ്പിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങളാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വിദഗ്ധർ. യഥാർത്ഥത്തിൽ ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് പ്രതിദിനം 22 ലക്ഷം ലിറ്റർ മാർബിൾ അവശിഷ്ടങ്ങൾ തള്ളുന്ന ഒരു കൂറ്റൻ മാലിന്യസംഭരണിയാണ്.
കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ മാർബിൾ പൊടിപടലങ്ങൾക്കിടയിൽ ചിത്രങ്ങളെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം ഇവിടെ എത്തുന്നത്. ഡിജിറ്റൽ ക്യാമറകൾക്കും പ്രീ വെഡിങ് ഷൂട്ടിനും വലിയ തുക ഈടാക്കി അധികൃതർ ഇത് ആഘോഷമാക്കുമ്പോഴും, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ നടത്തിയ പഠനങ്ങൾ ഭീതിജനകമായ വിവരങ്ങളാണ് പുറത്തുവിടുന്നത്.
ഇവിടുത്തെ വായുവിലുള്ള സൂക്ഷ്മമായ മാർബിൾ കണികകൾ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തുന്നതിലൂടെ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ. ഈ പ്രദേശം ഒരു 'ടോക്സിക് ടൂറിസ്റ്റ് സെന്റർ' ആണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
വിഷയം ഗൗരവകരമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഇടപെടുകയും സംഭവത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി ഇവിടെ ആർക്കും അസുഖം വന്നിട്ടില്ലെന്ന വിചിത്രമായ ന്യായീകരണമാണ് ഇതിന്റെ നടത്തിപ്പുകാർ നൽകുന്നത്.
എന്നാൽ ഓരോ സെൽഫിക്കും റീൽസിനും പിന്നാലെ പോകുമ്പോൾ സന്ദർശകർ ശ്വസിക്കുന്നത് മാരകമായ വിഷവായുവാണെന്ന സത്യം പലരും തിരിച്ചറിയുന്നില്ല.
Hidden dangers of Ajmer, which has become a tourist destination


































