റിയാദ്: (gcc.truevisionnews.com) അടിയന്തര സാഹചര്യങ്ങളിൽ ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സുരക്ഷാ സന്ദേശങ്ങൾ ഗൗരവമായി കാണണമെന്നും കർശനമായി പാലിക്കണമെന്നും സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് രാജ്യത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനായി താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരേണ്ടതാണ്:
കെട്ടിടത്തിനുള്ളിലുള്ളവർ ശ്രദ്ധിക്കാൻ:
• സുരക്ഷിത സ്ഥാനത്തേക്ക് മാറുക: മുന്നറിയിപ്പ് ലഭിച്ചാലുടൻ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക. കെട്ടിടത്തിനുള്ളിലെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്കോ, ജനാലകളിൽ നിന്ന് അകലെയുള്ള ഉൾമുറികളിലേക്കോ ഉടനടി മാറണം.
• പുറത്തിറങ്ങരുത്: അപകടസാധ്യത ഒഴിയുന്നതുവരെ വീടോ കെട്ടിടമോ വിട്ട് പുറത്തിറങ്ങരുത്.
• അകലം പാലിക്കുക: ഗ്ലാസ് ജനലുകൾ, ബാൽക്കണി, കെട്ടിടത്തിന്റെ മേൽക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ:
• വാഹനത്തിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ, പരിഭ്രാന്തരാകാതെ വാഹനം റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കി നിർത്തുക.
• പാലങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ, പരസ്യ ബോർഡുകൾ എന്നിവയ്ക്ക് സമീപം വാഹനം നിർത്തുന്നത് ഒഴിവാക്കണം.
പൊതുവായ ജാഗ്രത:
• കൂട്ടം കൂടരുത്: അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ പകർത്തുന്നതിനോ വേണ്ടി ഒത്തുകൂടുന്നത് കർശനമായി ഒഴിവാക്കുക.
• ഔദ്യോഗിക ഉറവിടങ്ങൾ മാത്രം ആശ്രയിക്കുക: സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കാതെ, സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരുക.
അടിയന്തര സാഹചര്യങ്ങളിൽ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ മുൻകരുതലുകളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't ignore emergency warnings Saudi Civil Defense issues cautionary instructions



































