അബുദാബി: (truevisionnews.com) ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയുള്ള സാഹചര്യത്തിൽ, പൊതുജനങ്ങൾക്കായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
മിസൈൽ അവശിഷ്ടങ്ങൾ വീഴുന്നത് മൂലമുണ്ടാകാവുന്ന അപകടങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം അവശിഷ്ടങ്ങളിൽ സ്ഫോടകവസ്തുക്കളോ മാരകമായ രാസവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, യാതൊരു കാരണവശാലും അവ സ്പർശിക്കാനോ അടുത്തേക്ക് പോകാനോ പാടില്ലെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ പൊതുജനങ്ങൾ ഇത്തരം ഇടങ്ങളിൽ നിന്ന് മാറിനിൽക്കണം. സംഭവസ്ഥലത്തെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതും അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
പരിഭ്രാന്തി പടർത്തുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിക്കണമെന്നും യുഎഇ സുരക്ഷാ ഏജൻസികൾ ഓർമ്മിപ്പിച്ചു.
Authorities issue strict instructions to people in the UAE regarding dangers lurking among missile debris

































