(https://gcc.truevisionnews.com/) പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ മരണം നാലായി ഉയർന്നു. യുഎഇയിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായും 58 പേർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കുവൈറ്റിൽ ഒരാൾ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് യുഎഇ. യുഎഇക്ക് നേരെ ഇന്ന് മാത്രം 20 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായും ഇവ വിജയകരമായി പ്രതിരോധിച്ചതായും മന്ത്രാലയം അറിയിച്ചു.
എന്നാൽ 21 ഡ്രോണുകൾ സിവിലിയൻ കേന്ദ്രങ്ങളിൽ പതിച്ചത് നാശനഷ്ടങ്ങൾക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 541 ഡ്രോണുകളാണ് യുഎഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ 311 എണ്ണത്തെ തകർക്കാൻ പ്രതിരോധ സേനയ്ക്ക് സാധിച്ചു. കൂടാതെ 165 ബാലിസ്റ്റിക് മിസൈലുകളെയും രണ്ട് ക്രൂയിസ് മിസൈലുകളെയും രാജ്യം നേരിട്ടു.
ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചു. ഇന്ന് രാത്രി 10 മണിയോടെ ദില്ലിയിൽ ചേരുന്ന യോഗം മേഖലയിലെ സുരക്ഷാ കാര്യങ്ങളും ഇന്ത്യക്കാരുടെ സുരക്ഷാ മുൻകരുതലുകളും ചർച്ച ചെയ്യും.
സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Iran's missile-drone attack, death toll rises to four


























