കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷസാഹചര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പരിക്കേറ്റ 12 പേരെ ശനിയാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഫർവാനിയ ആശുപത്രിയിൽ ഒമ്പത്, ജഹ്‌റ ആശുപത്രിയിൽ രണ്ടുപേർ, മുബാറക് ആശുപത്രി ഒരാൾ എന്നിങ്ങനെയാണ് പ്രവേശിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. തുടകൾ, പുറം, നെഞ്ച്, കൈ എന്നിവയെ ബാധിച്ച പരിക്കുകൾ, മുഖത്തും കഴുത്തിലും തൊലിപ്പുറത്തുമുള്ള പരിക്കുകൾ എന്നിവയാണ് ഇവരിൽ കണ്ടെത്തിയത്.
അതേസമയം മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വ്യോമാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ യാത്രക്കാർ കുവൈത്തിൽ കുടുങ്ങി.
ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് വിവിധ ഹോട്ടലുകളിലും വിമാനത്താവളത്തിലെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുമായി കുവൈത്തിലെ ഇന്ത്യൻ എംബസി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും താമസവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
വിമാന സർവീസുകൾ പുനരാരംഭിച്ചാലുടൻ യാത്ര പുറപ്പെടുന്നതിന് എംബസി ഉദ്യോഗസ്ഥർ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിൽ പിന്തുണക്കും സഹകരണത്തിനും കുവൈത്ത് അധികാരികളോടും എയർലൈൻ ഓപ്പറേറ്റർമാരോടും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
Conflict situation: 12 injured in Kuwait undergoing treatment; Health Ministry on alert


































