കുവൈത്ത് സിറ്റി:(https://truevisionnews.com/) കുവൈത്തിന്റെ വ്യോമാതിർത്തി ലംഘിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടും ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള തുറന്ന വെല്ലുവിളിയാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണ് നടന്നതെന്നും മന്ത്രിസഭ വിലയിരുത്തി.
അടിയന്തരമായി ചേർന്ന യോഗത്തിന് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം കുവൈത്തിനുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അതിർത്തി സംരക്ഷിക്കുന്നതിനും ഏതുതരത്തിലുള്ള ഭീഷണികളെയും നേരിടുന്നതിനും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സർക്കാർ കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മേഖലയിലെ സംഘർഷാഭരിതമായ സാഹചര്യം ഭരണകൂടം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എല്ലാ സുരക്ഷാ വകുപ്പുകൾക്കും അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
Kuwait condemns Iran attack; Cabinet says it has right to defend itself


































