നജ്റാൻ: ( https://gcc.truevisionnews.com/) ദശാബ്ദങ്ങൾ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ പശ്ചിമ ബംഗാൾ സ്വദേശി നജ്റാനിൽ അന്തരിച്ചു. കൊൽക്കത്ത സ്വദേശിയായ റംസാൻ അലി (65) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. താമസസ്ഥലത്ത് വെച്ച് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അന്ത്യം സംഭവിക്കുകയായിരുന്നു.
നജ്റാനിലെ ഹയ്യുൽ ഫഹദിൽ ദീർഘകാലമായി ടൈലറായി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വെള്ളിയാഴ്ച വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നജ്റാനിലെ ഫൈസലിയ മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം ഉപ്പളയുടെ നേതൃത്വത്തിലാണ് നിയമനടപടികൾ ഏകോപിപ്പിച്ചത്. കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരും സുഹൃത്തുക്കളും സഹായവുമായി രംഗത്തുണ്ടായിരുന്നു.
Content Highlight: Expatriate dies in Najran while about to return home




































