സൗദി അറേബ്യ: (truevisionnews.com) പകർച്ചവ്യാധി ഭീഷണിയെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള 40 രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപ്പന്നങ്ങൾക്ക് സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
കോഴിയിറച്ചി, മുട്ട എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരമൊരു മുൻകരുതൽ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ജർമ്മനി, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഈ നിരോധനം ബാധകമാണ്. കൂടാതെ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ 16 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി പോലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കമെന്നാണ് സൂചന. നിരോധനം എത്ര കാലത്തേക്ക് നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ലെങ്കിലും, രോഗഭീഷണി ഒഴിഞ്ഞാൽ നടപടി പുനഃപരിശോധിക്കുമെന്ന് സൗദി അറിയിച്ചു.
നിലവിൽ രോഗബാധയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമേ വിപണിയിൽ പ്രവേശനം അനുവദിക്കൂ.ഇന്ത്യൻ പൗൾട്രി മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളിലൊന്നായ സൗദിയിലേക്ക് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം 149 മില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് കയറ്റി അയച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് ഈ നിരോധനം വരുന്നത്. ഇത് ഇന്ത്യൻ കയറ്റുമതി കമ്പനികളെയും അനുബന്ധ വ്യവസായങ്ങളെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
സൗദിയിലെ നിരോധന വാർത്ത പുറത്തുവന്നതോടെ പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന ഇന്ത്യൻ കമ്പനികളുടെ ഓഹരി മൂല്യത്തിലും ഇടിവ് രേഖപ്പെടുത്തി. വെങ്കീസ്, എച്ച്.എം.എ അഗ്രോ, ഒവോബൽ ഫുഡ്‌സ്, ഡി.എസ്.എം ഫ്രഷ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വിപണിയിൽ തിരിച്ചടി നേരിട്ടത്.
വരും ദിവസങ്ങളിൽ ഈ മേഖലയിലെ വ്യാപാരത്തെ നിരോധനം എപ്രകാരം ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക ലോകം.
Saudi Arabia bans Indian chicken and eggs-new


































