കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ ലഹരിമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം രണ്ട് ലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 5.5 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരമാണ് പിടികൂടിയത്.
രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വലിയൊരു വിതരണ ശൃംഖലയെയാണ് ഈ ഓപ്പറേഷനിലൂടെ തകർത്തത്. അതീവ മാരകമായ 10 കിലോ ഹെറോയിനും, മെത്താംഫെറ്റാമൈനുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ഈ കള്ളക്കടത്ത് ശൃംഖലയുടെ പ്രധാന കണ്ണിയായ ഒരു ഏഷ്യൻ സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിദേശത്തിരുന്ന് ഈ ശൃംഖല നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് തലവന്റെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് ഇയാൾ സമ്മതിച്ചു.
ഈ വിദേശി നിലവിൽ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ പ്രാദേശികമായും അന്തർദ്ദേശീയമായും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ 'സീറോ ടോളറൻസ്' നയം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Massive drug bust in Kuwait 10 kg of heroin and methamphetamine seized expatriate arrested

































